Saturday 31 March 2018

Church Vs Constitution

രാജ്യനീതിയും ദൈവനീതിയും

      എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്വത്തു വില്‍പനയുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തെറ്റൊന്നും ചെയ്തിട്ടില്ലായിരിക്കാം. പക്ഷെ അതിരൂപത നടത്തിയ ഭൂമി ഇടപാടില്‍ രാജ്യത്തിന്റെ നിയമവ്യവസ്ഥ പ്രകാരം ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണല്ലൊ ഇപ്പോള്‍ കോടതിയുടെ മുമ്പില്‍ ഈ പ്രശ്നം എത്തിയിരിക്കുന്നത്. സഭയുടെ പൊതു സ്വത്തായ ഭൂമി ഇടപാടില്‍ നടന്ന കാര്യങ്ങള്‍ പൊതു സമൂഹത്തോട് തുറന്നു പറയുവാന്‍ സഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ കര്‍ദ്ദിനാളിന് ധാര്‍മ്മികമായി ബാദ്ധ്യതയുണ്ട്.

സഭയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും, ഭൗതിക കാര്യങ്ങളിലെങ്കിലും സുതാര്യത ഉണ്ടാകണം. ഏറ്റവും കുറഞ്ഞത് സഭയിലെ അത്മായരെങ്കിലും അറിഞ്ഞിരിക്കണം. 
        അല്ലാതെ രാജ്യനീതി വെച്ച് ദൈവനീതി അളക്കരുത് (മാതൃഭൂമി 31.03.2018 ലെ വാര്‍ത്ത) എന്നൊക്കെ പ്രസ്താവന ഇറക്കി ദൈവത്തെ പ്രതിയാക്കരുത്. ക്രിസ്ത്യാനികളെ രാജ്യനിയമങ്ങള്‍ ബാധകമല്ലാത്തവരെന്ന് മുദ്രകുത്തുവാന്‍ മറ്റുള്ളവര്‍ക്ക് അവസരം നല്‍കുകയുമരുത്. പ്രത്യേകിച്ച ഇപ്പോഴത്തെ കാലത്ത്.
ഈശോ തമ്പുരാന്‍ തന്നെ പറഞ്ഞിരിക്കുന്നത് വായിക്കുക. നിങ്ങളുടെ നീതി നിയമജ്ഞരുടേയും ഫരിസേയരുടേയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (മത്തായി 5 : 20).
ഭൂമി ഇടപാടുമായി ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്ന പ്രശ്നങ്ങള്‍ ദൈവത്തിന്റെ പ്രശ്നമോ ദൈവനീതിയെ ബാധിക്കുന്നതോ അല്ല. സഭയുടെ പൊതുസ്വത്തായ ഭൂമി ചിലരുടെ മാത്രം താല്പര്യപ്രകാരം ഇടപാട് നടത്തിയതിനെ തുടര്‍ന്നുണ്ടായതാണ്. അതില്‍ ദൈവത്തിനെന്നല്ല, അത്മായര്‍ക്കു കൂടി പങ്കില്ല. ഈ ഇടപാടില്‍ രാജ്യത്തിന്റെ നിയമത്തെ അതിശയിക്കുന്നതായി ഒന്നുമില്ല. സഭയുടെ ഇടപാട് നീതിയുക്തമാണെങ്കില്‍ ജനങ്ങളോട് നടന്ന കാര്യങ്ങള്‍ തുറന്നു പറയുക യായിരുന്നു വേണ്ടിയിരുന്നത്.
രാജ്യനിയമങ്ങള്‍ പാലിക്കാന്‍ ഈശോയും പറയുന്നുണ്ട്. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. (മത്തായി 22 : 21) സീസര്‍ ഇപ്പോള്‍ ജനാധിപത്യ വ്യവസ്ഥയാണ്.
രാജ്യത്തിന് നികുതി കൊടുക്കാതിരിക്കാനും രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാതിരിക്കാനും (നീതിയിലധിഷ്ഠിതമായ) ക്രൈസ്തവരെ ക്രിസ്തുനാഥന്‍ വിലക്കുന്നില്ല.
അവര്‍ കഫര്‍ണാമിലെത്തിയപ്പോള്‍ ദേവാലയനികുതി പിരിക്കുന്നവര്‍ പത്രോസിന്റെ അടുത്തുചെന്നു ചോദിച്ചു: നിങ്ങളുടെ ഗുരു നികുതികൊടുക്കുന്നില്ലേ? അവന്‍ പറഞ്ഞു: ഉവ്വ്. പിന്നീടു വീട്ടിലെത്തിയപ്പോള്‍ യേശു ചോദിച്ചു: ശിമയോനേ, നിനക്കെന്തു തോന്നുന്നു, ഭൂമിയിലെ രാജാക്കന്‍മാര്‍ ആരില്‍ നിന്നാണ് നികുതിയോ ചുങ്കമോ പിരിക്കുന്നത്? തങ്ങളുടെ പുത്രന്‍മാരില്‍ നിന്നോ, അന്യരില്‍ നിന്നോ? അന്യരില്‍ നിന്ന് - പത്രോസ് മറുപടി പറഞ്ഞു. യേശു തുടര്‍ന്നു: അപ്പോള്‍ പുത്രന്‍മാര്‍ സ്വതന്ത്രരാണല്ലോ;  എങ്കിലും അവര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കാതിരിക്കാന്‍ നീ കടലില്‍പോയി ചൂണ്ടയിടുക; ആദ്യം ലഭിക്കുന്ന മത്‌സ്യത്തിന്റെ വായ് തുറക്കുമ്പോള്‍ ഒരു നാണയം കണ്ടെത്തും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്കു കൊടുക്കുക. (മത്തായി 17 : 24-27) ഇത് രാജാവിന്റെ ഭരണകാലത്ത്... ഇപ്പോള്‍ ജനാധിപത്യ രാജ്യത്ത് ഈ വാക്കുകള്‍ക്ക് പ്രസക്തി കൂടുതലാണ്...

Wednesday 21 March 2018

Liquor Policy : CPM Vs Church

ഇടത് സര്‍ക്കാരിന്റെ മദ്യനയം

        മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ സഭ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. (മാതൃഭൂമി 18.03.2018).
      മദ്യ നിരോധനത്തെ ഏതെങ്കിലും വൈദികര്‍ എതിര്‍ക്കുന്നുണ്ടോയെന്ന് ആനത്തലവട്ടം ആനന്ദന്‍ ചോദിക്കുന്നു. അങ്ങിനെയെങ്കില്‍ അവരുടെ പള്ളിയില്‍ ഉള്ള മദ്യം നിര്‍ത്താന്‍ സഭ തയ്യാറാകണം. മദ്യവര്‍ജനത്തിന്  വേണ്ടി കത്തോലിക്കാ സഭ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വൈന്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ ഡിസ്റ്റിലറി വേണമെന്ന് ആവശ്യപ്പെടുന്നവരാണ് നമ്മുടെ തിരുമേനിമാരെന്നും ഇങ്ങിനെയുള്ള ആളുകള്‍ക്ക് ഇത് ആകാം, എന്നാല്‍ സാധാരണക്കാരനും കൂലിപ്പണി എടുക്കുന്നവര്‍ക്കും ഇത് സാധിക്കില്ല എന്ന സിദ്ധാന്തം ഒന്നും ജനങ്ങള്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറയുന്നു.
1.     സഖാവെ, കുടിയന്മാരേയെന്നല്ല, ആരാധിക്കാനും പ്രാര്‍ത്ഥിക്കാനും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനും വരുന്ന ആരേയും പള്ളിയില്‍ കയറ്റുകയില്ലെന്ന് സഭയ്ക്ക് പറയാനാവില്ല. അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് യേശുക്രിസ്തുവിന്റെ വചനങ്ങള്‍ക്ക് എതിരാണ്. കാരണം ജറുസലേം ദേവാലയത്തിലെ കച്ചവടക്കാര്‍ക്കെതിരെ ചാട്ട ഉയര്‍ത്തിയ (ചാട്ടകൊണ്ട് അടിച്ചിട്ടില്ല) യേശു പറഞ്ഞത് എന്റെ ഭവനം എല്ലാ ജനതകക്കുമുള്ള പ്രാത്ഥനാലയം എന്നു വിളിക്കപ്പെടും. (മക്കോസ് 11:17) എന്നും, എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. (യോഹന്നാന്‍ 2 :16) എന്നുമാണ്. 
    പള്ളിയില്‍ ഏത് വിശ്വാസികള്‍ക്കും വരാം, അവിശ്വാസികള്‍ക്കും വരാം. മദ്യപാനികള്‍ക്കു മാത്രമല്ല; മദ്യം ഉണ്ടാക്കുന്നവനും വില്ക്കുന്നവനും മദ്യം കഴിക്കാത്തവനും കൊലപാതകിക്കും കവര്‍ച്ചക്കാരനും അഴിമതിക്കാരനും വരാം. മദ്യപിക്കുവാനോ കൊല്ലുവാനോ കവര്‍ച്ച ചെയ്യുവാനോ വേണ്ടിയല്ല, പ്രാര്‍ത്ഥിക്കുവാനായി.
      പാപികളോ മദ്യപാനികളോ സഭയുടെ ശത്രുക്കളല്ല. പാപിയേയല്ല പാപസാഹചര്യങ്ങളെയാണ് അകറ്റി നിറുത്തേണ്ടത്. എന്നു വെച്ചാല്‍ മദ്യപാനികളെയല്ല എവിടേയും മദ്യം കിട്ടുവാനുള്ള സാഹചര്യം നമ്മുടെ നാട്ടില്‍ ഇല്ലാതാക്കുകയാണ് വേണ്ടത്.   
2.    ക്രൈസ്തവര്‍ കൂടുതലുള്ള യൂറോപ്യന്‍, അമേരിക്കന്‍ നാടുകളില്‍ മദ്യം ഉപയോഗിക്കുന്നത് സാധാരണമാണ്. അവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നൊക്കെ മദ്യം വാങ്ങിക്കാമെന്ന് കേള്‍ക്കുന്നു. കാലവും ദേശവും സംസ്കാരവും കാലവസ്ഥയുമൊക്കെ അനുസരിച്ച് പല നാടുകളിലും മദ്യത്തിന്റെ ഉപയോഗത്തിന് വ്യത്യസ്തതയുണ്ടാകാം. സമ്പന്ന, വികസിത രാജ്യങ്ങളിലെ ആളുകള്‍ മദ്യത്തിനൊപ്പം നല്ല ഭക്ഷണവും കഴിക്കും. നമ്മുടെ നാട്ടിലോ, മദ്യത്തിന് അകമ്പടിയാകുന്നത് അച്ചാര്‍, മസാല കപ്പലണ്ടി, മിക്സ്ചര്‍. പിന്നെ ചില സിനിമകളില്‍ കാണുന്നതു പോലെ ടൂത്ത് പേസ്റ്റുമൊക്കെയാണ്.
    നമ്മുടെ നാട്ടില്‍ മദ്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് ഏറെയും ശരീരം കൊണ്ട് അദ്ധ്വാനിക്കുന്ന സാധാരണ പണിക്കാരാണ് സഖാവെ. താങ്കളുടെ പാര്‍ട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗം, പ്രോലിറ്റേറിയന്‍സ്. ക്രൈസ്തവരില്‍ മാത്രമല്ല, മദ്യം മൂലം കുടുംബം തകര്‍ന്നവരെ എല്ലാ സമൂദായങ്ങളിലും പാര്‍ട്ടികളിലും ഏറ്റക്കുറച്ചിലോടെ കാണാം.
    മദ്യപാനം നമ്മുടെ ഓരോ കുടുംബത്തിനും നല്‍കിയിട്ടുള്ളത്  എന്താണ്? വഴക്കും അടിപിടിയും കടവും പട്ടിണിയും ദാരിദ്രവുമാണ്. ഒരു കമ്പനിക്കു തുടങ്ങി മുഴുകുടിയന്മാരായി മാറരുത് നമ്മുടെ ചെറുപ്പക്കാര്‍. നമ്മുടെ സമൂഹത്തില്‍ ഇത്തരം അധഃപതനം കൂടുന്നതുകൊണ്ടാണ് സഭ മദ്യത്തിനെതിരെ നിലപാടെടുക്കുന്നത്. ഇതിനര്‍ത്ഥം വൈദികരടക്കം ക്രിസ്ത്യാനികള്‍ മദ്യപിക്കാത്തവരാണെന്നല്ല. മദ്യപിക്കുന്ന വൈദികരുമുണ്ട്. സമൂഹത്തിന്റ ഭാഗം കൂടിയാണ് വൈദികര്‍.
    കുടിയന്മാരെ സഭയി നിന്നും പുറത്താക്കുകയല്ല, മദ്യം കുടിക്കുവാനുള്ള സാഹചര്യങ്ങ ഒഴിവാക്കുകയോ കുറയ്ക്കുകയോ ആണ് ചെയ്യേണ്ടത്.
    യേശുക്രിസ്തു ചുങ്കക്കാരനായ മത്തായിയുടെ  വീട്ടില്‍ ഭക്ഷണത്തിനിരുന്നപ്പോള്‍ കുറെ ചുങ്കക്കാരും പാപികളും അവനോടും ശിഷ്യന്‍മാരോടും കൂടെ ഭക്ഷണം കഴിക്കാനിരുന്നു. അവിടെയുണ്ടായിരുന്ന സമൂഹത്തിലെ മാന്യന്മാരായ ഫരിസേയര്‍ ഇതുകണ്ട് നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതെന്തുകൊണ്ട്എന്ന് ശിഷ്യന്‍മാരോടു ചോദിച്ചു. അതുകേട്ട യേശു പറഞ്ഞു, ആരോഗ്യമുള്ളവക്കല്ല, രോഗികക്കാണ് വൈദ്യനെകൊണ്ട് ആവശ്യം. . . ബലിയല്ല കരുണയാണ് ഞാ ആഗ്രഹിക്കുന്നത് എന്നതിന്റെ അത്ഥം നിങ്ങപോയി പഠിക്കുക. ഞാന്‍ വന്നത് നീതിമാന്‍മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്. (മത്തായി 9: 9-13). യേശുവിന്റെ സാന്നിദ്ധ്യം മത്തായിയുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കി. യേശുവിന്റെ കാരുണയോടെയുള്ള പെരുമാറ്റമാണ് സമൂഹത്തില്‍ മാന്യമായ ഒരു സ്ഥാനവുമില്ലാതിരുന്ന, ചുങ്കക്കാരേയും പാപികളേയും കുരുടന്മാരേയും വേശ്യകളേയും കുഷ്ടരോഗികളേയും സമൂഹത്തിന്റ മുഖ്യധാരയിലേ ക്കെത്തിച്ചത്.  
3.          നമുക്ക് വേണ്ടത് കാരുണ്യമാണ്. മദ്യത്തിനടിമകളായവരോട് കരുണയോടെ  അതില്‍നിന്നും പിന്തിരിപ്പിക്കുന്നതിനുമായി സഭയ്ക്ക് കൗണ്‍സിലിംഗ്, ധ്യാനം, ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങളുമുണ്ട്. പണ്ട് ചാരായം നിരോധിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം പറഞ്ഞത് നിരോധനമല്ല, മദ്യത്തിനെതിരെ ബോധവത്കരണം വേണമെന്നാണ്. എന്നിട്ട് പാര്‍ട്ടി എവിടെ എന്തു ബോധവത്കരണം നടത്തി?
      ലക്കുംലഗാനുമില്ലാത്ത നമ്മുടെ മദ്യാസക്തിക്കെതിരെ സഭയും സര്‍ക്കാരും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും സാമുദായിക നേതാക്കളും ഒന്നിച്ചു നില്ക്കുകയാണ് വേണ്ടത്. ആര്യോഗ്യമുള്ള ജനതയായി നമ്മുടെയാളുകള്‍ മാറണം.
4.          സഖാവെ, പള്ളിയില്‍  മദ്യം വിളമ്പുന്നില്ല. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വളരെ ചെറിയ അളവിലാണ് വീഞ്ഞുപയോഗിക്കുന്നത്. കഷ്ടിച്ച് ഒരൗണ്‍സ്. അത് ആചാരപരമായ ഒരു കാര്യമാണ്. യേശുവിന്റെ നാട്ടില്‍ ഭക്ഷണത്തോടൊപ്പം വീഞ്ഞ് കഴിക്കുന്നത് ഒരു പതിവാണ്. യേശുവിനെ കുരിശില്‍ത്തറച്ചു വധിക്കുന്നതിനു തലേരാത്രിയില്‍ യേശു അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്കു കൊടുത്തുകൊണ്ട് പറഞ്ഞു, വാങ്ങി ഭക്ഷിക്കുവിന്‍ ഇത് എന്റ ശരീരമാണ്. പിന്നീട് പാനപാത്രമെടുത്ത് ശിഷ്യന്മാര്‍ക്കു കൊടുത്തു കൊണ്ട് പറഞ്ഞു. നിങ്ങളെല്ലാവരും ഇതില്‍നിന്നും പാനം ചെയ്യുവിന്‍. ഇത് അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്റെ രക്തമാണ്. (മത്തായി 26 : 26-28). യേശുവില്‍ താദാത്മ്യം പ്രാപിക്കുവാനും യേശുവിന്റെ മരണം പ്രഖ്യാപിക്കുവാനുമുള്ള പ്രതീകമാണിത്. എന്തിനു വേണ്ടി യേശു പ്രവര്‍ത്തിച്ചുവോ അത് ശിഷ്യന്‍മാരും ഏറ്റെടുക്കുന്നതിനു വേണ്ടി. 
        അതിന്റെ ഓര്‍മ്മയ്ക്കാണ് വിശുദ്ധ കുര്‍ബ്ബാനയില്‍ വീഞ്ഞ് പാനം ചെയ്യുകയും ഓസ്തി (ഗോത മ്പപ്പം) കഴിക്കുന്നതും. ഇത് സ്വീകരിക്കുന്നവര്‍ യേശുക്രീസ്തുവിന്റെ ശരീര രക്തങ്ങളില്‍ പങ്കാളി കളാകുകയാണ്. മനുഷ്യരെല്ലാവരും പിതാവായ ദൈവത്തിന്റെ ഒരേ ശരീരവും രക്തവുമുള്ള മക്കളാണ്. ഇത് ക്രിസ്ത്യാനിയുടെ അടിസ്ഥാനവും ധാര്‍മ്മികതയുമാണ്. ക്രൈസ്തവര്‍ അത് മറന്നിട്ടു ണ്ടെങ്കിലും.
5.     കള്ളിനേക്കാള്‍ വീര്യം കൂടിയ വൈന്‍, പള്ളിയില്‍ മദ്യം നിറുത്തണം എന്നൊക്കെയുള്ള താങ്കളുടെ പ്രസ്താവന ഏതൊക്കേയോ പരിവാരങ്ങളെ സുഖിപ്പിക്കാനുള്ളതു പോലെയായി. ഒരു സഖാവിനു യോജിച്ച പ്രസ്താവനയല്ലിത്.
6.     മാര്‍ക്കറ്റില്‍ വൈനൊഴുക്കുന്നതിനുള്ള അനുമതിയൊന്നും ആരും നല്കേണ്ട, സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍, നിയമം അനുശാസിക്കുന്ന അളവില്‍ വൈന്‍ ഉണ്ടാക്കാന്‍ സഭാ അധികാരികള്‍ക്ക് അനുമതി നല്കിയാല്‍ മതി.
7.     പിന്നെ, സഖാവ് പറയുംപോലെ  സാധാരണക്കാരനും കൂലിപ്പണിയെടുക്കുന്നവനും ഡിസ്റ്റിലറി തുടങ്ങിയാല്‍. . .   ഇങ്ങിനെ പറയാന്‍ എന്റെ സഖാവെ. . .
      ഇവിടെ മദ്യമൊഴുക്കാണോയെന്ന കാര്യത്തില്‍ ജനങ്ങളുടെ ഇഷ്ടമറിയാന്‍ ഹിതപരിശോധനയ്ക്ക് സര്‍ക്കാരിനു ധൈര്യമുണ്ടോയെന്ന ബിഷപ്പിന്റെ വെല്ലുവിളിയാണ്, സഖാവെ ഏറ്റെടുക്കേണ്ടത്, അല്ലാതെ വിശ്വാസത്തെ അവഹേളിക്കുകയല്ല.
8.     തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉത്തരവാദിത്ത ബോധമുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തും. സര്‍ക്കാരിന്റെ ഇപ്പോഴത്തെ മദ്യനയത്തിനെതിരെ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികം.
9.     ഇലക്ഷനില്‍ മദ്യനയം മാത്രമല്ല ജനം പരിഗണിക്കുന്നത്. നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നു മാത്രമാണ് മദ്യനയം. ചെങ്ങന്നൂര്‍ ഇലക്ഷനില്‍ പുതിയ മദ്യനയത്തിനെതിരേയും കുറെപ്പേര്‍ വോട്ടു ചെയ്തേക്കാം.
            1996 ഏപ്രില്‍ 1 ന് എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാര്‍ കേരളത്തില്‍ ചാരായം നിരോധിച്ചു. അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം നേടിയത് എല്‍.ഡി.എഫാണ്, യു.ഡി.എഫ്. അല്ല. വെറുതെ കേറി വെല്ലുവിളിക്കുന്നതെന്തിന്?
      ചെങ്ങന്നൂര്‍ ഇലക്ഷനില്‍ പ്രതികരിക്കേണ്ടത് ഭാരതത്തെ ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്ന ഫാസിസ വര്‍ഗ്ഗീയ സവര്‍ണ്ണ കോര്‍പ്പറേറ്റ് കൂട്ടായ്മക്കെതിരെയാണ്.
            ഇതിനിടയില്‍ ചിലയാളുകള്‍ വൃഥാ വിമോചന സമരം സ്വപ്നം കാണുന്നു.


Patrol price hike

  പെട്രോള്‍ വില വര്‍ദ്ധനവ് - എം. എസ് അഗസ്റ്റിന്‍   പെട്രോള്‍വില ആരു കുറയ്ക്കും..? കേന്ദ്രമോ, സംസ്ഥാനങ്ങളോ, കമ്പനികളോ..! പെട്രോള്‍, ...