Monday 19 October 2020

Covid Kings and Covid Princes

കോവിഡ് രാജകുമാരന്മാരും കോവിഡ് രാജാക്കന്മാരും

എം.എസ്. അഗസ്റ്റിന്‍

"കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ നുമ്മ പൊളിച്ചു ബ്രോ... നമ്പര്‍ വണ്‍ കേരളത്തെ നുമ്മ നാറ്റിച്ചു, നാറാണകല്ലെടുപ്പിച്ചു." സന്തോഷിക്കാം കോണ്‍ഗ്രസ്സിനും ബിജെപിക്കും പിന്നെ…

ഇന്ന് രോഗികളായവരുടെ എണ്ണം കുറവാണെങ്കിലും ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി നാലും അഞ്ചും അക്കസംഖ്യയിലേക്ക് വര്‍ദ്ധിക്കുന്നു.

കേരളത്തില്‍ കോവിഡ് - 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് 5022 പേരും രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത് 92,731 പേരുമാണ്. 21 പേര്‍ ഇന്ന് മരിച്ചു. ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ ആകെ എണ്ണത്തില്‍ ആറാമത് കേരളമാണെങ്കിലും (ആകെ 3,41,860). ആകെ മരണസംഖ്യയില്‍ ഒമ്പതാം സ്ഥാനത്താണ് നമ്മുടെ സംസ്ഥാനം (ആകെ മരണം 1182). തുടക്കത്തില്‍ നിയന്ത്രണവിധേയമായിരുന്ന കോവിഡിന്റെ വര്‍ദ്ധിച്ച വ്യാപനത്തിന് ഇവിടത്തെ ഉത്തരവാദിത്വമില്ലാത്ത രാഷ്ടീയ കക്ഷികളാണ് കാരണം.

1.            സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വാളയാര്‍ ചെക്ക്പോസ്റ്റിലേക്ക് കുതിച്ച രാഷ്ട്രീയ യുവതുര്‍ക്കികള്‍. പാസ്സില്ലാത്തവരെ അതിര്‍ത്തി കടത്തി കേരളത്തിലേക്ക് ആനയിക്കുന്നതിനു വേണ്ടി. എന്തിനായിരുന്നു സര്‍ക്കാര്‍ പാസ്സ് നിയന്ത്രണം വെച്ചത്. മറുനാടന്‍ മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി നല്കുന്നതാണ് പാസ്സ്. ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും വിലയിരുത്തി കുറെയേറെ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് പാസ്സ് നല്കുന്നത്. ഈ പാസ്സുമായി വരുന്നവരെ അതിര്‍ത്തിയില്‍ പരിശോധിച്ച് ആ വ്യക്തി താമസിക്കുന്നിടത്തെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് മറ്റു നടപടികള്‍ സ്വീകരിച്ചതിനുശേഷമെ അയാളെ കേരളത്തിലേക്കെത്തിക്കാനാവു. ഒരു നിയന്ത്രണവുമില്ലാതെ പുറത്തുനിന്നും നാട്ടിലേക്കെത്തിയാല്‍, അവരെ ക്വാററ്റ്വൈനില്‍ പ്രവേശിപ്പില്ലെങ്കില്‍ കോവിഡ് വ്യാപനമായിരിക്കും ഫലം. ഇതൊന്നും ബാധകമല്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് വരുന്നവരെയാണ് അതിര്‍ത്തിയില്‍ തടഞ്ഞിരുന്നത്. മറുനാടന്‍ മലയാളികളോട് ക്രൂരതയും മനുഷ്യത്വമില്ലായ്മയും കാണിക്കുന്നുവെന്ന് പ്രചരിപ്പിച്ചാണ് അവരെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി ഒരു നിയന്ത്രണവും പാലിക്കാതെയുള്ള യുവതുര്‍ക്കികള്‍ പാരവശ്യം കാണിച്ചത്.

2.            സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട സമരങ്ങള്‍ സകല നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് പറയാന്‍ കോണ്‍ഗ്രസ് എം.പി.മാരായ കെ മുരളീധരനും (*1)  കെ സുധാകരനും (*2 *4), കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കുമെന്നും കോവിഡ് വ്യാപനമുണ്ടായാലും സമരം ചെയ്യുമെന്ന് പറയാന്‍ ബിജെപി പ്രസിഡണ്ട് കെ സുരേന്ദ്രനും (*3 *4) ഒരു മനസാക്ഷിക്കുത്തും ഉണ്ടായിരുന്നില്ല. എന്തു സാമൂഹിക അകലം, എന്ത് മാസ്ക്, എന്ത് സാനിറ്റസൈര്‍? എന്തു സാമൂഹിക വ്യാപനം? എന്തു ജനക്ഷേമം..? എന്തു സാമൂഹ്യ പ്രതിബദ്ധത..? വാസ്തവത്തില്‍ ഈ സമരങ്ങള്‍ ആരെയാണ് പ്രതികൂലമായി ബാധിക്കുന്നത്...? ഉത്തരവാദിത്തപെട്ട പാര്‍ലമെന്റ് അംഗങ്ങളും രാഷ്ട്രീയ നേതൃത്വവും ഇത്തരം സമീപനം വെച്ചു പുലര്‍ത്തുമ്പോള്‍ ഇതൊക്കെ കണ്ടും കേട്ടുമിരിക്കുന്ന സാധാരണ ജനങ്ങള്‍ എന്തു ഗൗരവമാണ് ഈ നിയന്ത്രണങ്ങള്‍ക്ക് നല്കുന്നത്? യാഥാ രാജാ തഥാ പ്രജാ...

3.            സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സമരം നടത്തണം. അത് ആവശ്യമാണ്. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കെ അതിന്റെ നടപടികള്‍ വരുന്നതുവരെ ആള്‍ക്കൂട്ട സമരങ്ങള്‍, അതെ ആള്‍ക്കൂട്ട സമരങ്ങള്‍ മാത്രമെങ്കിലും ഒഴിവാക്കാമായിരുന്നു. അല്ലെങ്കില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ ചെയ്ത നടപടികള്‍ക്കെതിരെ, പ്രോട്ടോക്കോള്‍ ലംഘിച്ച മന്ത്രി ജലീലിനെതിരെ കോടതിയില്‍ പോകുവാന്‍ എന്തായിരുന്നു യുഡിഎഫിനും ബിജെപി പരിവാരങ്ങള്‍ക്കും തടസ്സം..? ഇത് ജനാധിപത്യക്രമങ്ങളുള്ള ഒരു രാജ്യമല്ലെ..? ഇപ്പോഴും ഇവിടെ ബ്രിട്ടീഷ് ആധിപത്യമല്ലല്ലൊ..!

4.            ഇനി, സ്വര്‍ണ്ണക്കടത്തുമായും ഖുര്‍ആന്‍, ഈന്തപ്പഴ ഇറക്കുമതികളുമായും ബന്ധപ്പെട്ട കേസ്സുകളില്‍ മന്ത്രി കെ. ടി. ജലീല്‍ പ്രോട്ടോക്കോള്‍ ചട്ടലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ സമരങ്ങളുടെയും കോവിഡ് വ്യാപനത്തിന്റെയും സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസ്സഭയില്‍ നിന്നും നീക്കം ചെയ്യാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാകേണ്ടതായിരുന്നു.  അതുമുണ്ടായില്ല..!

യുഡിഎഫും, ബിജെപിയും, സിപിഎമ്മും പിടിച്ച മുയലിന് കൊമ്പ് നാലാണ്. പാവം ജനങ്ങള്‍, അവര്‍ക്ക് പിടിക്കാന്‍ ഒരു പിടിവള്ളിയാകട്ടെ, ഒരു വൈക്കോല്‍ തുരുമ്പുപോലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

5.            ഇപ്പോള്‍ കേരളത്തിനെതിരെ കേന്ദ്രമന്തിയുടെ വിമര്‍ശനം  വന്നപ്പോള്‍ സന്തോഷമായി എല്ലാവര്‍ക്കും. അതും ജനത്തിനു നേരെയാണല്ലൊ. ഓണകാലത്ത് ജനം പുറത്തിറിങ്ങിയതു മാത്രമാണല്ലൊ കേരളത്തിലെ കോവിഡ് വ്യാപനത്തിനു കാരണം...

അഴിമതിയും പഴഞ്ചന്‍ ജനവിരുദ്ധ സമരങ്ങളുമായി നടക്കുന്ന ഈ രാഷ്ട്രീയ കൂട്ടങ്ങള്‍ ഈ നാടിനെ നശിപ്പിക്കും. രാജ്യത്തിന്റെ വികസനമൊ ‍ജനത്തിന്റെ നന്മയൊ ഒന്നുമല്ല ലക്ഷ്യം, അടുത്ത ഭരണം മാത്രം. പണ്ട്  ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് കോഴിയെയും ആട് മാടുകളെയും, എന്തിന് മനുഷ്യനെതന്നെ ബലിനല്കുന്ന ആചാരങ്ങളുണ്ടായിരുന്നു. അതെല്ലാം നിയമം മൂലം നിരോധിക്കപ്പെട്ടു. എന്നാലും ഇപ്പോഴും അതെല്ലാം മറ്റൊരു രൂപത്തില്‍ നിലനില്ക്കുന്നുണ്ടോ..? ഇവിടെ ചാവേറുകളും നേര്‍ച്ച കോഴികളും പണ്ടാരമടങ്ങി ചത്തു പോകുകയേയുള്ളു. ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കാത്ത ചരിത്രത്തിന്റെ മാറാലകളില്‍ ജീവിക്കുന്ന വകതിരിവില്ലാത്തവരുടെ കൂട്ടമായി മാറുകയാണൊ ഇന്നത്തെ രാഷ്ടീയം..?

 

 

*1 https://xiaomi.dailyhunt.in/news/india/tamil/nerariyan-epaper-nerariyn/kovid+niyanthranangal+langhikkumenn+ke+muraleedharan+em+pi+keralathod+por+viliyumayi+kongras-newsid-n219046758?pgs=N&pgn=0&mode=wap&

*2 https://www.madhyamam.com/kerala/k-sudhakaran-mp/697717?infinitescroll=1

*3 https://www.eyewitnessnewsindia.com/2020/09/29/bjp-corona-spread/

*4 https://malayalam.oneindia.com/news/kerala/k-sudhakaran-challenges-kerala-government-says-he-will-break-covid-guidelines-254392.html

No comments:

Post a Comment

Patrol price hike

  പെട്രോള്‍ വില വര്‍ദ്ധനവ് - എം. എസ് അഗസ്റ്റിന്‍   പെട്രോള്‍വില ആരു കുറയ്ക്കും..? കേന്ദ്രമോ, സംസ്ഥാനങ്ങളോ, കമ്പനികളോ..! പെട്രോള്‍, ...