Thursday 1 October 2020

Babri masjid demolition

 ബാബറി മസ്ജിദ് തകര്‍ത്തത് അന്യഗ്രഹ ജീവികള്‍..! 

എം.എസ്. അഗസ്റ്റിന്‍

 

ബാബറി മസ്ജിദ് തകര്‍ത്തത് അന്യഗ്രഹ ജീവികള്‍..!

യൂട്യൂബിലേയും ചില സമൂഹ മാധ്യമങ്ങളുടെയും ചില പോസ്റ്റുകള്‍ അന്യഗ്രഹജീവികളെ കുറിച്ചാണ്. അവര്‍ പറയുന്നത് വിശ്വസിച്ചാല്‍, ലോകാത്ഭുതങ്ങളിലൊന്നായ ഈജീപ്തിലെ പിരമിഡുകള്‍, ഈസ്റ്റര്‍ ദ്വീപിലെ കല്‍പ്രതിമകള്‍ (Moai), എന്തിന് മനുഷ്യനെ സൃഷ്ടിച്ചതുതന്നെ അന്യഗ്രഹ ജീവികളാണ്..! മാത്രമല്ല ഒരുകാലത്ത് ഭൂമിയെ അടക്കി വാണിരുന്ന ദിനോസറുകളെ പോലുള്ള രാക്ഷസ ജീവികളുടെ ഉന്മൂലനത്തിനും കാരണക്കാര്‍ മറ്റാരുമല്ല, അന്യഗ്രഹജീവികള്‍ (aliens) തന്നെ..! അവര്‍ പറക്കുംതളികയില്‍ വരുന്നു..! അവര്‍ക്ക് ഏതു വേഷവും സ്വീകരിക്കുവാന്‍ സാധിക്കും..! ബാബറി മസ്ജിദ് തകര്‍ത്തതും അന്യഗ്രഹ ജീവികളായിരിക്കും..!

ബാബറി മസ്ജിദ് പൊളിക്കല്‍ തെളിവില്ലെന്ന് കാണിച്ച് ലഖ്നൗവിലെ സി.ബി.ഐ. പ്രത്യേക കോടതി 32 പ്രതികളെ വെറുതെ വിട്ട വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങിനെ തോന്നിപ്പോയി. വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമല്ലത്രെ..! പാവം സി.ബി.ഐ. എന്തു ചെയ്യാന്‍ അന്യഗ്രഹ ജീവികളുടെ കഴിവ് അപാരമല്ലെ..! അവര്‍ മനുഷ്യരൂപത്തില്‍ കര്‍സേവകരായി വന്നാണല്ലൊ മസ്ജിദ് പൊളിച്ചത്..! അപ്പോ, വീഡിയോ കേടുവരുകയും ദൃശ്യങ്ങള്‍ അവ്യക്തമാകുകയും ചെയ്യും. പാവങ്ങളാണ് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാഭാരതിയുമെല്ലാം. അന്യഗ്രഹ ജീവികള്‍ അവരുടെ വേഷത്തില്‍ വന്നാണല്ലൊ ബാബറി മസ്ജിദ് തകര്‍ത്തത്..! സംശയമുള്ളവര്‍ അര്‍നോള്‍ഡ് ഷെവാര്‍ഡ്സ്നെഗര്‍ നായകനായ ജയിംസ് കാമറൂണിന്റെ  ദി ടെര്‍മിനേറ്റര്‍ (The Terminator) എന്ന സിനിമ കാണുക, പ്രത്യേകിച്ച്  രണ്ടാം ഭാഗമായThe Terminator : Judgement Day അപ്പോള്‍ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെടും.

നിയമങ്ങള്‍ എപ്പോഴും നീതിയിലധിഷ്ഠിതമായിരിക്കുകയില്ല. കോടതി വിധിയാകട്ടെ ലഭ്യമായ തെളിവുകളുടെയും സാക്ഷികളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുമായിരിക്കും. അപ്പോള്‍ ബാബറി മസ്ജിദ് പൊളിച്ച കേസ്സില്‍ സി.ബി.ഐ. എന്തൊക്കെയായിരിക്കും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുക. സി.ബി.ഐ. നിഷ്പക്ഷമായി കാര്യങ്ങള്‍ കാണുന്ന ഏജന്‍സി ആണെന്ന് ഒരു വിശ്വാസം ജനങ്ങള്‍ക്കുണ്ടായിരുന്നു. അവരുടെ ചില കേസ്സന്വേഷണങ്ങളും ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് തുടങ്ങിയ സിനിമകളും അങ്ങിനെയൊരു വിശ്വാസമുണ്ടാക്കുന്നതില്‍ സാരമല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ ആയപ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപം കൂട്ടിലടച്ച തത്തയാണ് ജേക്കബ് തോമസ് എന്നാണ്. ഈ സ്ഥാനത്ത് അദ്ദേഹം തുടരുന്നത്  കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്പിക്കുന്നതു പോലെയാണെന്ന് വീക്ഷണം പത്രം എഴുതുകയുണ്ടായി. ഏതാനും സംസ്ഥാനങ്ങള്‍ സി.ബി.ഐ. അന്വേഷണത്തിന് വിലക്കേര്‍പ്പെടുത്തിയതും അവരുടെ സമീപകാല രീതികളും കാണുമ്പോള്‍ കൂട്ടിലടച്ച തത്തയ്ക്ക് കൂടുതല്‍ ഉദാഹരണങ്ങള്‍ കാണുന്നു. ഒരു സര്‍ക്കാര്‍ ഏജന്‍സിയും ഭരണകക്ഷിയുടെ താല്പര്യങ്ങളല്ല, ഭരണഘടനയും രാജ്യത്തിന്റെ നിയമങ്ങളുമാണ് പാലിക്കേണ്ടത്. അല്ലെങ്കില്‍ അവരെ കൂട്ടിലടച്ച തത്തയെന്നും തുടലില്‍ പൂട്ടപ്പെട്ട പട്ടിയെന്നും ആളുകള്‍ വിളിക്കും.

എങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്..? സി.ബി.ഐ. കോടതിക്കു മുകളില്‍ പരമാധികാര കോടതികളും ഉണ്ടല്ലൊ..!


No comments:

Post a Comment

Patrol price hike

  പെട്രോള്‍ വില വര്‍ദ്ധനവ് - എം. എസ് അഗസ്റ്റിന്‍   പെട്രോള്‍വില ആരു കുറയ്ക്കും..? കേന്ദ്രമോ, സംസ്ഥാനങ്ങളോ, കമ്പനികളോ..! പെട്രോള്‍, ...